പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Update: 2025-12-18 11:08 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി നിലവിലെ ഡെപ്യൂട്ടി മേയറായ പി ഇന്ദിര. കെ സുധാകരന്റെ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി ഇന്ദിര വിജയിച്ചത്. കടുത്ത മല്‍സരം നടന്ന ഈ ഡിവിഷനില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ദിര കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോര്‍പ്പറേഷന്‍ രൂപീകരിച്ചു തുടങ്ങിയതു മുതല്‍ കൗണ്‍സിലറാണ്.

സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ തന്നെ നിലവിലെ ഡെപ്യൂട്ടി മേയര്‍ പി ഇന്ദിരയെ മേയറാക്കണമെന്നതായിരുന്നു കോണ്‍ഗ്രസിലെ പൊതുവായ ധാരണ. എന്നിരുന്നാലും, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുണ്ടയാട് ഡിവിഷന്‍ കൗണ്‍സിലറുമായ ശ്രീജ മഠത്തിലിനെ പിന്തുണച്ച് സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതര്‍ നടത്തുന്ന ഇടപെടലുകളാണ് മേയര്‍ പ്രഖ്യാപനം വൈകാന്‍ കാരണമായത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച കെ സുധാകരന്റെ നിലപാടിനും നേതൃത്വത്തില്‍ പ്രാധാന്യം നല്‍കുമെന്നാണ് സൂചന. ഇതോടെയാണ് പി ഇന്ദിരയുടെ മേയര്‍ സ്ഥാനാര്‍ഥിത്വം അന്തിമ ഘട്ടത്തിലേക്ക് എത്തിയത്.

Tags: