സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍:ഇടതുസര്‍ക്കാരിന്റെ ആര്‍എസ്എസ് ദാസ്യത്തിന്റെ ആവര്‍ത്തനം: പി അബ്ദുല്‍ ഹമീദ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് അടക്കം നിരവധി വിഷയങ്ങളില്‍ ആരോപണവിധേയനായ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിന്‍വലിച്ച ഇടതു സര്‍ക്കാരിന്റെ നടപടി ആര്‍എസ്എസ് വിധേയത്വത്തിന്റെ തുടര്‍ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ്പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഇത് നിയമവാഴ്ചയെ പരിഹസിക്കലാണ്. സര്‍വീസില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു പോലിസ് ഉദ്യോഗസ്ഥനെ കുറിച്ച് നടക്കുന്ന അന്വേഷണം സുതാര്യവും സത്യസന്ധവുമായിരിക്കും എന്ന് വിശ്വസിക്കാന്‍ മാത്രം പൊതുജനം വിഢികളല്ല. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോ
ഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. പി വി അന്‍വറുമായുള്ള സംഭാഷണം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വകുപ്പുതല അന്വേഷണം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ധൃതിപിടിച്ച് നടത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ സേനയിലുള്ള ചിലരുടെ വഴിവിട്ടപ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് മുമ്പ് സുജിത് ദാസ് കുറ്റക്കാരനാണോ അല്ലയോ എന്നെങ്കിലും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ധാര്‍മിക ഉത്തരവാദിത്യം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. കേരളത്തിലെ ആഭ്യന്തര മന്ത്രിസ്ഥാനം ഒരു ആലങ്കാരിക പദവിയായി മാറി. കേന്ദ്ര ബിജെപി ഗവണ്‍മെന്റാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
