ഹമാസിന്റെ നിരായുധീകരണത്തെ ബഹുഭൂരിപക്ഷം ഫലസ്തീനികളും എതിര്‍ക്കുന്നുവെന്ന് അഭിപ്രായ സര്‍വേ ഫലം

Update: 2025-10-31 02:49 GMT

റാമല്ല: ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ നിരായുധീകരണത്തെ ബഹുഭൂരിപക്ഷം ഫലസ്തീനികളും എതിര്‍ക്കുന്നുവെന്ന് അഭിപ്രായ സര്‍വേ ഫലം. ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതി വിജയമാവില്ലെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. പലസ്തീനിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആന്‍ഡ് സര്‍വേ റിസര്‍ച്ച് ഒക്ടോബര്‍ 22 മുതല്‍ 25 വരെയാണ് സര്‍വേ നടത്തിയത്.

വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഭൂരിഭാഗം ജനങ്ങളും ഹമാസിന്റെ നിരായുധീകരണത്തെ ശക്തമായി എതിര്‍ക്കുന്നു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിന് കാരണമായാല്‍ പോലും ഹമാസ് നിരായുധീകരിക്കരുതെന്നാണ് അവരുടെ നിലപാട്. ഹമാസിന്റെ ആഭ്യന്തര രാഷ്ട്രീയ എതിരാളിയായ ഫതഹ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ്ബാങ്കിലെ 80 ശതമാനം പേരും ഈ നിലപാടുകാരാണ്. അഞ്ചില്‍ നാല് ഫലസ്തീനികളും മഹ്‌മൂദ് അബ്ബാസ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടുകാരാണ്. ഇസ്രായേല്‍ ജയിലില്‍ അടച്ചിരിക്കുന്ന മര്‍വാന്‍ ബര്‍ഗൂസി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ച് പ്രസിഡന്റാവണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം.

തൂഫാനുല്‍ അഖ്‌സ ശരിയായ നടപടിയായിരുന്നുവെന്ന നിലപാടാണ് 53 ശതമാനം ഫലസ്തീനികള്‍ക്കുള്ളത്. അതേസമയം, വെസ്റ്റ്ബാങ്കിലെ 59 ശതമാനം പേരും തൂഫാനുല്‍ അഖ്‌സയെ പിന്തുണക്കുന്നു. വെസ്റ്റ്ബാങ്കിലെ 60 ശതമാനം പേരും ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നു. 32 ശതമാനം പേര്‍ ഒരു പാര്‍ട്ടികളെയും പിന്തുണക്കുന്നില്ല. ഗസയില്‍ അറബ്-മുസ്‌ലിം സമാധാന സേന വരുന്നതില്‍ വെസ്റ്റ്ബാങ്കിലെ 78 ശതമാനം പേരും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗസയിലെ 52 ശതമാനം പേരും എതിനെ എതിര്‍ത്തു. എന്നാല്‍, അന്താരാഷ്ട്ര സമാധാന സേന അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ അകത്ത് ആയുധങ്ങളുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് ഭൂരിപക്ഷം പേരും അനുകൂലമാണ്.