പഞ്ചാബില്‍ ഏറ്റമുട്ടലുകള്‍: ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Update: 2025-11-20 09:58 GMT

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ യുവാവിനെ പോലിസ് വെടിവച്ചു കൊന്നു. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് പോലിസ് ആരോപിക്കുന്ന ഹര്‍ജീന്ദര്‍ സിംഗിനെയാണ് അമൃത്സറില്‍ ഇട്ട് വെടിവച്ചു കൊന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്താനില്‍ നിന്നും ആയുധങ്ങള്‍ കൊണ്ടുവരുന്നയാളാണ് ഇയാളെന്നും പോലിസ് അവകാശപ്പെടുന്നു.

അതേസമയം, ആര്‍എസ്എസ് നേതാവിനെ വെടിവച്ച കൊന്ന കേസിലെ ആരോപണവിധേയനെ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടി. ഗുര്‍സിമ്രന്‍ സിംഗ് എന്നയാളെയാണ് ഫിറോസ്പൂര്‍-മല്ലന്‍വാല റോഡിലെ ചെക്ക്‌പോസ്റ്റിന് സമീപം നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ഗുര്‍സിമ്രന്‍ സിംഗിന്റെ കാലില്‍ വെടിയേറ്റതായി പോലിസ് അറിയിച്ചു. നവംബര്‍ പതിനഞ്ചിനാണ് നവീന്‍ അരോര എന്ന ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടത്. നവംബര്‍ പതിമൂന്നിന് നടന്ന ഒരു ജന്മദിന പാര്‍ട്ടിയിലാണ് കൊലപാതകം ആസുത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. പിന്നീട് ഉത്തര്‍പ്രദേശില്‍ പോയി തോക്ക് സംഘടിപ്പിച്ചു. ബാദല്‍ എന്നയാളാണ് നവീന്‍ അരോരയെ വെടിവച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഷേര്‍ ഇ പഞ്ചാബ് ബ്രിഗേഡ് എന്ന സംഘടനയാണ് ഏറ്റെടുത്തിരിക്കുന്നത്.