2021 മുതല്‍ എസ്സി-എസ്ടി അതിക്രമ ഹെല്‍പ്പ്ലൈനിലേക്കെത്തിയത് 6.5 ലക്ഷത്തിലധികം കോളുകള്‍; ഏറ്റവും കൂടുതല്‍ യുപിയില്‍ നിന്ന്

Update: 2025-05-10 10:03 GMT
2021 മുതല്‍ എസ്സി-എസ്ടി അതിക്രമ ഹെല്‍പ്പ്ലൈനിലേക്കെത്തിയത് 6.5 ലക്ഷത്തിലധികം കോളുകള്‍; ഏറ്റവും കൂടുതല്‍ യുപിയില്‍ നിന്ന്

ന്യൂഡല്‍ഹി: 2021 ഡിസംബറില്‍ എസ്സി, എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നാഷണല്‍ ഹെല്‍പ്പ് ലൈനിലേക്ക് (നാഷണല്‍ ഹെല്‍പ്പ് ലൈന്‍ എഗൈന്‍സ്റ്റ് അട്രോസിറ്റി) വന്നത് 6.5 ലക്ഷത്തിലധികം കോളുകളെന്ന് റിപോര്‍ട്ട്. കൂടുതല്‍ കോളുകളും വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ലഭിച്ച പരാതികളില്‍ 7,135 എണ്ണം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും 4,314 എണ്ണം പരിഹരിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശില്‍ നിന്നു മാത്രം 3,33,516 കോളുകള്‍ ലഭിച്ചു, അതില്‍ 1,825 എണ്ണം പരാതികളായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും 1,515 എണ്ണം പരിഹരിക്കുകയും ചെയ്തതായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം അറിയിച്ചു. ബീഹാറില്‍ നിന്ന് 58,112 കോളുകള്‍ ലഭിച്ചു, 718 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു, 707 എണ്ണം പരിഹരിച്ചു. രാജസ്ഥാനില്‍ നിന്ന് 38,570 കോളുകളും 750 പരാതികളും റിപ്പോര്‍ട്ട് ചെയ്തു, 506 എണ്ണം പരിഹരിച്ചു. മഹാരാഷ്ട്രയില്‍ 268 പരാതികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അവക്കു പരിഹാരമായിട്ടില്ല.

അതേസമയം, ഗോവയില്‍ നിന്നു ഒരു പരാതി മാത്രമേ ലഭിച്ചിട്ടുള്ളു. എങ്കിലും പരാതിക്ക് പരിഹാരമായില്ല.എന്ന് രേഖകള്‍ കാണിക്കുന്നു. മധ്യപ്രദേശില്‍ 1,630 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 282 എണ്ണം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഹരിയാനയില്‍ ലഭിച്ച 392 പരാതികളില്‍ 379 എണ്ണവും പരിഹരിച്ചു. ആക്രമണം, സാമൂഹിക ബഹിഷ്‌കരണം, ജാതി അടിസ്ഥാനമാക്കിയുള്ള പ്രശ്‌നങ്ങള്‍, ഭൂമി കൈയേറ്റം, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കല്‍ എന്നിവ മുതല്‍ അതിക്രമ കേസുകളില്‍ പോലീസ് നിഷ്‌ക്രിയത്വം വരെയുള്ളവ ഈ പരാതികളില്‍ ഉള്‍പ്പെടുന്നു.

2021-ല്‍ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍, ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സമയബന്ധിതമായ നീതി ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ്. പട്ടികജാതി-പട്ടികവര്‍ഗ അംഗങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹെല്‍പ്പ്ലൈന്‍, 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ശരിയായ നടപ്പാക്കല്‍ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഇത് പ്രവര്‍ത്തനസജ്ജമാണ്.

Tags:    

Similar News