ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെൻ്റ് പ്രമേയം സമർപ്പിച്ചു

Update: 2025-07-21 10:28 GMT

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ 145 എംപിമാരും രാജ്യസഭയിൽ 63 എംപിമാരും തിങ്കളാഴ്ച ഹരജി സമർപ്പിച്ചു.

അനുരാഗ് താക്കൂർ, രവിശങ്കർ പ്രസാദ് രാഹുൽ ഗാന്ധി, രാജീവ് പ്രതാപ് റൂഡി, പിപി ചൗധരി, സുപ്രിയ സുലെ, കെസി വേണുഗോപാൽ എന്നിവരുൾപ്പെടെ 145 ലോക്‌സഭാംഗങ്ങളാണ് ഇംപീച്ച്‌മെന്റ് പ്രമേയം സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 124, 217, 218 പ്രകാരമാണ് ജസ്റ്റിസ് വർമ്മയ്‌ക്കെതിരേ നോട്ടിസ് സമർപ്പിച്ചത്.

ഒരു ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിൽ ലോക്‌സഭയിൽ കുറഞ്ഞത് 100 എംപിമാരും രാജ്യസഭയിൽ 50 എംപിമാരും ഒപ്പിടണം. ഈ പ്രമേയം സഭാ സ്പീക്കറോ ചെയർമാനോ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകിയതായും ഇന്ത്യാ ബ്ലോക്ക് പാർട്ടികളുമായി കൈകോർക്കുന്നതായും കോൺഗ്രസ് എംപി കെ സുരേഷ് നേരത്തെ പറഞ്ഞിരുന്നു.

സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നോട്ടിസിൽ നൂറിലധികം നിയമസഭാംഗങ്ങൾ ഒപ്പിട്ടതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഞായറാഴ്ച പറഞ്ഞിരുന്നു.

Tags: