നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചാള്‍സ് ജോര്‍ജിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
ദിലീപ് വരുമ്പോള്‍ ജഡ്ജി എഴുന്നേറ്റുനിന്നുവെന്നും വിധി പക്ഷപാതപരമാണെന്നും ചാള്‍സ് ജോര്‍ജ് ആരോപിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നുള്ള ആരോപണം ഉന്നയിച്ച ചാള്‍സ് ജോര്‍ജിനെതിരേയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് എസ്എച്ച്ഒയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് എറണാകുളം സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്സിന് മുന്നില്‍ വച്ച് മാധ്യമങ്ങളോട് സംസാരിച്ച ചാള്‍സ് ജോര്‍ജ്ജ് ജഡ്ജിയേയും കോടതിയേയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. വിധിപറഞ്ഞ ദിവസം കോടതിയില്‍ ഉണ്ടായിരുന്നയാളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു പ്രതികരണം. വിധി പക്ഷപാതപരമാണെന്നും, പ്രതി കോടതിയില്‍ വരുമ്പോള്‍ ജഡ്ജ് ബഹുമാനപൂര്‍വ്വം എഴുന്നേറ്റ് നില്‍കാറുണ്ടെന്നും, വിധി നീചമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെട്ടെന്നും ചാള്‍സ് ജോര്‍ജ് പ്രതികരിച്ചിരുന്നു. ഈ ആരോപണം ബോധപൂര്‍വ്വം പൊതുജനത്തെ പ്രകോപിപ്പിക്കാനും കോടതിയുടെ അന്തസിനെ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതെന്നാണ് പരാതി.
അഭിഭാഷകരായ രാഹുല്‍ ശശിധരന്‍, ഗിജീഷ് പ്രകാശ് എന്നിവര്‍ മുഖേനേ പി ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഭാരതീയ ന്യായ സംഹിതയിലെ(ബിഎന്‍എസ്)സെക്ഷന്‍ 192, കേരള പോലിസ് ആക്ടിലെ സെക്ഷന്‍ 118(ഡി) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എതിര്‍കക്ഷി ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ ചാള്‍സ് ജോര്‍ജ്ജിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചാള്‍സ് ജോര്‍ജ്ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
