മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Update: 2026-03-04 06:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് (യുവി) സൂചിക (8) മൂന്നാറില്‍ രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊട്ടാരക്കര, കോന്ന, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കളമേശരി, ഒല്ലൂര്‍, തൃത്താല , പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി സൂചിക 6 മുതല്‍ 7 വരെ രേഖപ്പെടുത്തിയതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതല്‍ 7 വരെയായാല്‍ യെല്ലോ അലേര്‍ട്ട്, 8 മുതല്‍ 10 വരെയായാല്‍ ഓറഞ്ച് അലേര്‍ട്ട്, 11നു മുകളിലെത്തുമ്പോള്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുന്നത്.

ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ദീര്‍ഘനേരം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍:

പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന യുവി സൂചിക സാധാരണയായി രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടല്‍-ഉള്‍നാടന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍, ജലഗതാഗത മേഖലയിലെ പ്രവര്‍ത്തകര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മനേത്ര രോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം പൂര്‍ണമായി മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.

മലനിരകള്‍ക്കും ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കും സാധാരണയായി ഉയര്‍ന്ന യുവി സൂചികയാണ് അനുഭവപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ അധിക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Tags: