ന്യൂഡല്‍ഹി: കലുഷിതമായി ലോക്‌സഭ. മുന്‍ കരസേന മേധാവി നരവെനെയുടെ പുസ്തകത്തെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചയുടനെ ഒരു ബഹളം പൊട്ടിപ്പുറപ്പെട്ടു.
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍ പറയുകയായിരുന്നു. ചൈനീസ് ടാങ്ക് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്ന് കയറിയ നിര്‍ണായക സമയത്ത് കൃത്യമായ നിര്‍ദ്ദേശം നല്‍കാതെ സൈന്യത്തിന്റെ മനോധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാന്‍ രാജ്നാഥ് സിങ് പറഞ്ഞെന്നും നരവാനെയുടെ ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതൊരു മാഗസിന്‍ റിപോര്‍ട്ടാണെന്നും നരവാനെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മാസികകള്‍ക്ക് എന്തും എഴുതാം. സഭയില്‍ പത്ര ക്ലിപ്പിംഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റൊന്നും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഓം ബിര്‍ള പറഞ്ഞു. നരവാനെ ഇതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ തിരിച്ചടിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കരുതെന്ന് രാജ്നാഥ് ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ ചൈന വിഷയം സെന്‍സിറ്റീവ് ആണെന്നും ദേശീയ സുരക്ഷയുടെ വിഷയമാണെങ്കില്‍, രാഹുല്‍ ഗാന്ധിയെ അത് വായിക്കാന്‍ അനുവദിക്കണം എന്നും അഖിലേഷ് യാദവ് പറഞ്ഞു.തുടര്‍ന്ന് സഭയില്‍ വലിയ രീതിയിലുള്ള ബഹളം ഉണ്ടാവുകയും സഭ മൂന്നുമണിവരെ പിരിയുകയും ചെയ്തു.
