ന്യൂഡല്‍ഹി: ബിജെപി വക്താവിനെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരേ ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സഭയുടെ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിനും ഈ നിയമനം കാരണമായേക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലായ് 28ന് ചേര്‍ന്ന സുപ്രിം കോടതി കൊളീജിയമാണ് ആരതി സാഥെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൈമാറിയത്. ഇനി കേന്ദ്രസര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടത്.