പ്രതിപക്ഷ പ്രതിഷേധം;നിയമസഭ നിര്‍ത്തിവച്ചു

അതേസമയം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Update: 2022-06-27 04:12 GMT

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ നിര്‍ത്തിവച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.അതേസമയം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭ ടിവി സഭയിലെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നില്ല.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേറ്റു.ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ഥന തള്ളി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ നിര്‍ത്തിവച്ചു.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫിസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം.സഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നില്ല.ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കുന്നത്.

നേരത്തെ, രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. അഡ്വ. ടി സിദ്ദീഖ് എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.ഓഫിസ് ആക്രമിക്കുകയും,ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പോലിസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടിസിലെ ആരോപണം. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.










Tags: