അതിവേഗ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Update: 2026-01-31 09:23 GMT

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും പാരിസ്ഥിതിക പരിശോധനകള്‍ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന പദ്ധതി കൊണ്ടുവരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ 'റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം' നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

അടുത്തിടെ ഇ ശ്രീധരന്‍ കേന്ദ്രത്തിന്റെ അനുമതിയോടെ എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച അതിവേഗ റെയില്‍പാത പദ്ധതിയേയും തള്ളിക്കൊണ്ടാണ് പുതിയ നീക്കം വന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പദ്ധതിയായിരുന്നു ശ്രീധരന്റേത്. ഇതിന് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡിഎംആര്‍സിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

അതിവേഗ റെയില്‍ പാതയുടെ 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍പാത കടന്നു പോവുക. കുറച്ചുഭാഗം ഭൂഗര്‍ഭ പാതയുമുണ്ടാകും. പദ്ധതിക്കെതിരെ സമരം പാടില്ലാത്തതിനാല്‍ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുക്കുക. ഇവിടെ റെയില്‍പാതയുടെ തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. ഈ ഭൂമിയില്‍ വീട് കെട്ടാന്‍ പാടില്ല. അതേസമയം, കൃഷിക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: