മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Update: 2026-04-01 09:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ള, ഡീല്‍ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണെന്നും സതീശന്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തെന്ന പ്രതീതി ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പു കാലമായതു കൊണ്ടാണെന്ന് സതീശന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിലപാടില്‍ ഒരു കാര്‍ക്കശ്യവും നേരത്തേ ഉണ്ടായിട്ടില്ല. സംവിധായകന്‍ പി ടി കുഞ്ഞഹമ്മദിനെതിരായ പരാതി എത്ര ദിവസമാണ് മുഖ്യമന്ത്രി പൂഴ്ത്തിവച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags: