ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 64 കപ്പല്‍ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അന്‍സാറുല്ല

Update: 2025-08-07 14:49 GMT

സന്‍ആ: ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 64 കമ്പനികള്‍ക്കെതിരേ യെമനിലെ അന്‍സാറുല്ല സര്‍ക്കാരിന് കീഴിലെ ഹ്യൂമാനിറ്റേറിയന്‍ ഓപ്പറേഷന്‍സ് കോര്‍ഡിനേഷന്‍ സെന്റര്‍(എച്ച്ഒസിസി) ഉപരോധം പ്രഖ്യാപിച്ചു. ഗസയില്‍ അധിനിവേശം തുടങ്ങിയപ്പോള്‍ തന്നെ ഇസ്രായേലിനെതിരെ അന്‍സാറുല്ല ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഉപരോധം ലംഘിച്ച 64 കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് എച്ച്ഒസിസി ഇന്ന് പ്രഖ്യാപിച്ചത്. സ്ഥിരമായി മുന്നറിയിപ്പ് നല്‍കിയിട്ടും ഉപരോധം പാലിക്കാത്തതാണ് സൈനിക നടപടികള്‍ക്ക് കാരണമാവുന്നതെന്ന് എച്ച്ഒസിസി പ്രസ്താവനയില്‍ അറിയിച്ചു.

ഈ കമ്പനികളുടെ കപ്പലുകളെ ചെങ്കടലിലും ബാബ് അല്‍ മന്ദെബിലും ഏദന്‍ ഉള്‍ക്കടലിലും അറബിക്കടലിലും നേരിടും. യെമന്റെ മിസൈലുകളുടെ പരിധിയില്‍ കപ്പലുകള്‍ വരുകയാണെങ്കില്‍ തകര്‍ക്കും. ഉപരോധം ലംഘിക്കുന്ന കപ്പലുകള്‍ ഏതുരാജ്യത്തേത് ആണെന്ന് നോക്കില്ല. നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ആ കമ്പനികള്‍ക്ക് മാത്രമാണെന്നും പ്രസ്താവന പറയുന്നു.