കെഎസ്ഇബിയില്‍ 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' മിന്നല്‍ പരിശോധന

Update: 2026-01-17 06:45 GMT

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ (കെഎസ്ഇബി) നിലനിന്ന വ്യാപക ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തി. 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍-കരാറുകാര്‍ കൂട്ടുകെട്ടും ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകളും വെളിച്ചത്തുവന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. വിവിധ ഓഫീസുകളിലായി 41 ഉദ്യോഗസ്ഥര്‍ കരാറുകാരില്‍ നിന്നായി ബാങ്ക് അക്കൗണ്ടുകള്‍ വഴിയേ മാത്രം 16.5 ലക്ഷം രൂപ കൈക്കൂലിയായി സ്വീകരിച്ചതായി വിജിലന്‍സ് കണ്ടെത്തി.

കരാര്‍ ജോലികളില്‍ കൃത്യമായ സാങ്കേതിക പരിശോധന നടത്താതെയാണ് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റി ബില്ലുകള്‍ പാസാക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇ ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കുന്നതിനായി വലിയ ജോലികള്‍ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിക്കുന്നതും, ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കുമാണ് കരാറുകള്‍ നല്‍കുന്നതെന്നും കണ്ടെത്തി. എസ്റ്റിമേറ്റില്‍ നിര്‍ദ്ദേശിച്ച അളവില്‍ സാമഗ്രികള്‍ ഉപയോഗിക്കാതെയും മഫിംഗ് അടക്കമുള്ള നിര്‍ബന്ധിത ജോലികള്‍ ഒഴിവാക്കിയും ക്രമക്കേടുകള്‍ നടത്തുന്നതായും റിപോര്‍ട്ടുണ്ട്. സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ എന്നിവ പല ഓഫീസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.

വര്‍ക്കലയിലും പാറശ്ശാലയിലും സബ് എന്‍ജിനീയര്‍മാര്‍ ഗൂഗിള്‍ പേ വഴി പതിനായിരങ്ങള്‍ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എന്‍ജിനീയര്‍ 31,000 രൂപയും, അഞ്ചലില്‍ രണ്ടു സബ് എന്‍ജിനീയര്‍മാര്‍ 5,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്. തിരുവല്ലയില്‍ ഒരു ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് കടയുടമ വഴി 1.67 ലക്ഷം രൂപ കൈമാറിയതായും, ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന സംശയവും വിജിലന്‍സ് രേഖപ്പെടുത്തി. കട്ടപ്പനയില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ 2,35,700 രൂപയും സബ് എന്‍ജിനീയര്‍മാര്‍ 40,000 രൂപയ്ക്കുമുകളില്‍ കൈപ്പറ്റിയതായി കണ്ടെത്തി. തൃപ്പൂണിത്തുറയില്‍ 12 വര്‍ക്കുകള്‍ ഒരേ കരാറുകാരന് നല്‍കിയതും ക്വട്ടേഷനുകളിലെ കൈയക്ഷരം ഒരേതാണെന്നതും ഗുരുതര ക്രമക്കേടായി കണ്ടെത്തി. മഞ്ചേരി, നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.

അഴിമതിയില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടേയും ഇടനിലക്കാരുടേയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയോ അറിയിക്കണമെന്ന് വിജിലന്‍സ് അഭ്യര്‍ഥിച്ചു.

Tags: