ഓപ്പറേഷന്‍ നുംഖോര്‍; അമിത് ചക്കാലക്കലിന്റെ രണ്ടു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇഡി

Update: 2025-10-09 17:00 GMT

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ മൂന്നു വാഹനങ്ങള്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം നടന്‍ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടേതുമാണ്. ഒളിപ്പിച്ച വാഹനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് പ്രിവന്റീവ് വൃത്തങ്ങള്‍ പറയുന്നു. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ നംഖോര്‍ ഭാഗമായാണ് നടപടി. അതേസമയം ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സ് എന്ന സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇഡി പറഞ്ഞു. സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്.

വ്യാജ എന്‍ഒസികള്‍ ഉപയോഗിച്ച് ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ നാട്ടിലെത്തിച്ച സതിക് ഭാഷ, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഭൂട്ടാനിലെ ആര്‍മി മുന്‍ ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഭൂട്ടാനില്‍ നിന്ന് 16 വാഹനങ്ങള്‍ വാങ്ങിയതായി കോയമ്പത്തൂര്‍ സംഘം സമ്മതിച്ചു. ഇന്നലെ നടന്ന പരിശോധനയില്‍ ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങള്‍ വിശദമാക്കി.

ഇത്തരത്തില്‍ അനധികൃതമായി ഇറക്കുമതി ചെയ്ത നൂറിലധികം വാഹനങ്ങള്‍ ഇപ്പോഴും കേരളത്തിലുള്ളതായി കസ്റ്റംസ് കണക്കാക്കുന്നു. സംസ്ഥാന പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായത്തോടെ ഇവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഓപ്പറേഷന്‍ നംഖോറിനു കീഴില്‍ ഇന്ന് നടന്ന പരിശോധനയില്‍ കണ്ടുകെട്ടിയ മൂന്നു വാഹനങ്ങള്‍ ഉള്‍പ്പടെ ആകെ 43 വാഹനങ്ങള്‍ പിടിച്ചെടുത്തു. സെപ്റ്റംബര്‍ 23 മുതലാണ് കസ്റ്റംസ് ഓപ്പറേഷന്‍ നുംഖോര്‍ ആരംഭിച്ചത്.

Tags: