ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചുവന്ന നിറത്തിലുള്ള നിസാന്‍ പട്രോള്‍ വൈ60 കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യന്‍ ആര്‍മിയെന്നാണുള്ളത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളും രണ്ട് നിസാന്‍ പട്രോള്‍ വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയനിഴലിലുള്ളത്. ഇതില്‍ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. രണ്ട് നിസാന്‍ പട്രോള്‍ കാറുകളില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കൂടുതല്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും മറ്റു നടപടികളെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോറില്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ഇത് വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ പരിശോധിക്കാതെ നടപടിയെടുത്തെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ കോടതി കസ്റ്റംസിന്റെ വിശദീകരണം തേടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെയാണ് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസ്സാന്‍ പട്രോള്‍ വാഹനവും കസ്റ്റംസ് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് നികുതി വെട്ടിച്ച് നൂറ്റി അന്‍പതിലേറെ കാറുകളെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 38 വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കസ്റ്റംസ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്. റെയ്ഡ് വിവരം ഒരാഴ്ച മുന്‍പുതന്നെ ചോര്‍ന്നതായും വാഹനങ്ങള്‍ വ്യാപകമായി ഒളിപ്പിച്ചെന്നുമാണ് കസ്റ്റംസ് സംശയിക്കുന്നത്. വാഹനങ്ങള്‍ കണ്ടെത്തുന്നതിന് എംവിഡിയുടെയും പോലിസിന്റെയും സഹായം തേടിയിരിക്കുകയാണ് കസ്റ്റംസ്. കഴിഞ്ഞദിവസം ഓപ്പറേഷന്‍ നുംഖൂറുമായി ബന്ധപ്പെട്ട് അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി വാഹനം പിടിച്ചെടുത്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
