'ഓപ്പറേഷന്‍ ഹരിതകവചം': റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; ഉദ്യോഗസ്ഥരുടെ പണമിടപാടുകള്‍ അന്വേഷണത്തില്‍

Update: 2025-11-09 07:44 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ പണമിടപാടുകള്‍ വിശദമായി പരിശോധിക്കുകയാണ്. ഭൂമിയുടെ തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയമുള്ള ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്ന് 4,59,000 രൂപ ഗൂഗിള്‍ പേ വഴിയാണ് സ്വീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ നടത്തിയ 1,69,000 രൂപയുടെ ഗൂഗിള്‍ പേ ഇടപാടിലും സംശയമുണ്ട്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഡാറ്റാബാങ്കില്‍ നിന്ന് വ്യാപകമായി ഭൂമികള്‍ ഒഴിവാക്കിയെന്ന പരാതികളെത്തുടര്‍ന്നാണ് 'ഓപ്പറേഷന്‍ ഹരിതകവചം' എന്ന പേരില്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചത്.

മലപ്പുറത്ത് ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നിരാകരിച്ചശേഷം വസ്തു മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത്, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തരംമാറ്റല്‍ ഉത്തരവ് നേടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. പല ജില്ലകളിലും വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്ന തരംമാറ്റ അപേക്ഷകളും സംശയാസ്പദ കേസുകളായി പരിഗണിച്ച് പരിശോധന നടക്കും. റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററിന്റെ സഹായത്തോടെ ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു വിശദമായ പരിശോധന നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.

Tags: