സുഹാസ് ഷെട്ടി വധം: പ്രതികളുടെ പേര് തിരഞ്ഞെടുത്ത് ഒഴിവാക്കി പ്രസിദ്ധീകരിച്ച് ഹിന്ദുത്വ മാധ്യമം
മംഗളൂരു: ഗുണ്ടാ നേതാവും ബജ്റങ് ദൾ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രതികളായ ഹിന്ദുക്കളുടെ പേര് തലക്കെട്ടിൽ നിന്നും ഒഴിവാക്കി ഹിന്ദുത്വ മാധ്യമമായ ഒപ് ഇന്ത്യ. ഇന്ത്യയിലേയും വിവിധ രാജ്യങ്ങളിലെയും വർഗീയവാദികൾ വാർത്താ സ്രോതസായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളിൽ ഒന്നാണിത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ ഹിന്ദുക്കൾക്കെതിരായ ആക്രമണമായി ചിത്രീകരിക്കാനും അത് ലോകം മുഴുവൻ പ്രചരിപ്പിക്കാനുമാണ് ഒപ്ഇന്ത്യ ശ്രമിച്ചത്. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ് പേര് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയത്.
കേസിൽ അറസ്റ്റിലായവരുടെ പേരും ജാതിയും അടക്കം കർണാടക പോലീസ് പുറത്തുവിട്ടതിന് ശേഷം ഒപ്ഇന്ത്യയുടെ ട്വീറ്റിൽ അബ്ദുൾ സഫ്‌വാൻ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് റിസ്വാൻ എന്നീ മുസ്ലിം പേരുകൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്നും, അതേ കേസിൽ കുറ്റം ചുമത്തിയിരിക്കുന്ന രഞ്ജിത്തിനെയും നാഗരാജിനെയും ഒഴിവാക്കിയെന്നും സുബൈർ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റെയും ഫലമായാണ് കൊലപാതകം നടന്നതെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ സ്ഥിരീകരിച്ചിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയായ സഫ് വാനെ നേരത്തെ ഷെട്ടിയുടെ സംഘം ആക്രമിച്ചിരുന്നു. എന്തിനും മടിക്കാത്ത ഷെട്ടിയും സംഘവും തന്നെ കൊല്ലുമെന്ന് കരുതി സഫ്വാനാണ് കൊല ആസൂത്രണം ചെയ്തതെന്ന് പോലിസ് പറയുന്നു.
അതേസമയം മംഗളൂരുവിൽ ഇനിയും ആളുകൾ കൊല്ലപ്പെടുമെന്നും സൂറത്ത്കലിലും കൊടികെരയിലുമുള്ളവർ വെറുതെയിരിക്കിലെന്നും പോസ്റ്റിട്ട സച്ചിൻ എന്ന ഹിന്ദുത്വനെ പോലിസ് അറസ്റ്റ് ചെയ്തു. ഷെട്ടിയുടെ കൊലപാതകത്തിന് ശേഷം വഴിയിൽ കണ്ട മുന്നു മുസ്ലിംകളെ കുത്തിയ ഏഴ് ഹിന്ദുത്വർ ജയിലിലാണ്.
