'വോട്ട് ചോരി കോണ്‍ഗ്രസിന്റെ മാത്രം ആരോപണം, ഞങ്ങളുടേതല്ല'- ഒമര്‍ അബ്ദുള്ള

Update: 2025-12-15 13:52 GMT

ശ്രീനഗര്‍: വോട്ടുചോരി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. വോട്ടുചോരിയുമായി ഇന്ത്യാ മുന്നണിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ കക്ഷിയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ച് 'വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്' എന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ ഈ തുറന്നുപറച്ചില്‍.

'ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടേതായ അജണ്ട തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. വോട്ട് ചോരിയും എസ്‌ഐആറും പ്രധാന വിഷയമായി തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സ്വാതന്ത്ര്യമുണ്ട്. അതില്‍ തങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ പറയേണ്ട കാര്യമില്ല. അവര്‍ക്ക് അവരുടെ വിഷയം തിരഞ്ഞെടുക്കാം, ഞങ്ങള്‍ ഞങ്ങളുടെ വിഷയവും തിരഞ്ഞെടുക്കും.' ഒമര്‍ അബ്ദുള്ള പറഞ്ഞു.

നേരത്തെ ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്‍പ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങളെ ഒമര്‍ അബ്ദുള്ള പിന്തുണച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷതയുടെയും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നായിരുന്നു അന്ന് ഒമറിന്റെ ആവശ്യം. എന്നാല്‍, തിരഞ്ഞെടുപ്പിനു ശേഷം നിതീഷ് കുമാറിനെയും സ്ത്രീകള്‍ക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ തള്ളി ഒമറിന്റെ പ്രസ്താവന വരുന്നത്.

ബിജെപി വോട്ടിങ് പ്രക്രിയയില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വലിയ റാലി നടത്തിയിരുന്നു. ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തള്ളിക്കളഞ്ഞിട്ടുണ്ട്. 'ഇന്ത്യ' മുന്നണി ലൈഫ് സപോര്‍ട്ടിലാണെന്ന് ഒമര്‍ അബ്ദുള്ള ഒരാഴ്ച മുന്‍പ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയുണ്ടായി. ബിഹാര്‍ സീറ്റു പങ്കുവെക്കലിലെ പ്രശ്‌നങ്ങള്‍ കാരണമാണ് നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് തിരിച്ചുപോയതെന്നും അബ്ദുള്ള കുറ്റപ്പെടുത്തി.

Tags: