മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു; മരണസംഖ്യ 21 ആയി

Update: 2025-10-09 05:28 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്. അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കോള്‍ഡ്രിഫ് ചുമമരുന്ന് നിര്‍മ്മാണ കമ്പനി ശ്രീശാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തമിഴ്നാട്ടിലെ ചെന്നൈയിലെയും കാഞ്ചിപുരത്തെയും ബ്രാഞ്ചുകളിലെത്തി. അന്വേഷണത്തിനുപിന്നാലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു.

കോള്‍ഡ്രിഫ് നിര്‍മ്മാതാവ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാരയില്‍ നിന്നെത്തിയ പോലിസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്. 

തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്നുനിര്‍മാണ യൂനിറ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍േദശം നല്‍കിയിട്ടുണ്ട്. കോള്‍ഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിനും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കും.

Tags: