ഇലക്ട്രോണിക്‌സ് ഷോറൂമില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദില്‍ ഇലക്ട്രോണിക്‌സ് ഷോറൂമില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് ഷോറൂമിനകത്ത് തീപിടിച്ചത്. തുടര്‍ന്ന് തീ രണ്ടു നിലകളിലേക്കും പടരുകയായിരുന്നു. തീപിടിത്തത്തിന്റെ ഫലമായി കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും തീപിടിച്ചു.
തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായും ഇലക്ട്രോണിക്‌സ് കട ഉടമ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പൊള്ളലേറ്റതായും മൊഗല്‍പുര പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോറൂമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (ദക്ഷിണ മേഖല) കിരണ്‍ ഖരെ പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. തീപിടിത്തത്തിന്റെയും തുടര്‍ന്നുള്ള സ്‌ഫോടനത്തിന്റെയും കൃത്യമായ കാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.