ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായി

Update: 2025-11-27 06:10 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക നവജാത ശിശു പരിചരണ യൂണിറ്റില്‍ (എസ്എന്‍സിയു) നിന്നും ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായതി. പ്രദീപ് കുമാര്‍ റീന ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് റീന കുഞ്ഞിന് ജന്മം നല്‍കിയത്. നവജാതശിശുവിന് ശ്വസന പ്രശ്‌നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ എസ്എന്‍സിയു വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ഇന്നലെ രാവിലെ മകനെ കാണാനെത്തിയ പ്രദീപിന് കുഞ്ഞിനെ വാര്‍ഡില്‍ കണ്ടെത്താനായില്ല. രജിസ്റ്ററില്‍ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അതേ നമ്പറും പേരും ഉള്ള കുഞ്ഞില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും ഗാര്‍ഡുകളെയും പോലിസ് ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ കുഞ്ഞിനെക്കുറിച്ചുള്ള വ്യക്തമായ വിവരമൊന്നും ലഭ്യമല്ല. സംഭവവുമായി ബന്ധപ്പെട്ട് തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: