ഇറാനില്‍ നിന്ന് ഒമാനി പൗരന്മാര്‍ സുരക്ഷിതമായി എത്തിയതായി വിദേശകാര്യ മന്ത്രാലയം
മസ്‌കത്ത്: ഇറാനില്‍ നിന്ന് ഒമാനി പൗരന്മാരുടെ ഒരു സംഘം സുരക്ഷിതമായി ഒമാനില്‍ തിരിച്ചെത്തിയതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെഹ്‌റാനിലെയും അങ്കാറയിലെയും ഒമാനി എംബസികളുടെയും അസര്‍ബൈജാന്‍ റിപ്പബ്ലിക്കിലെ ബന്ധപ്പെട്ട അധികാരികളുടെയും ഏകോപനത്തിലൂടെയാണ് ഒഴിപ്പിക്കല്‍ നടപടി നടപ്പാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര, വ്യോമ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയതും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ ഒമാനി പൗരന്മാരുടെ കൂടുതല്‍ സംഘങ്ങള്‍ കര അതിര്‍ത്തി വഴിയായി സുരക്ഷിതമായി ഒമാനില്‍ എത്തിച്ചേരുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിദേശത്തുള്ള ബന്ധപ്പെട്ട അധികാരികളുമായും ഒമാനി എംബസികളുമായും 24 മണിക്കൂറും ഏകോപനം തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും സുരക്ഷിതമായി തിരിച്ചെത്താന്‍ കഴിയുന്നവിധം സ്വദേശത്തേക്ക് കൊണ്ടുപോകല്‍ നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.