ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കസ്റ്റഡിയില്‍. മണ്ണഞ്ചേരി പോലിസാണ് കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്റെ അമ്മയായ സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പോലിസ് പിതാവ് ജോസ് മോനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
എയ്ഞ്ചല്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പോലിസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ജോസ്‌മോനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്‌മോന്‍ ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കൈയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ജോയ്‌മോന്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ജോയ്‌മോന്റെ പിതാവ് സേവ്യറും മാതാവ് സൂസിയും ഭാര്യയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. മൃതദേഹം കട്ടിലില്‍ കിടത്തി. പുലര്‍ച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പോലിസ് പറയുന്നു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്.
