ദേശീയ വിഷയങ്ങളില്‍ സുതാര്യമായ ആശയവിനിമയം അനിവാര്യം: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
മസ്‌കത്ത്: ദേശീയ വിഷയങ്ങളെയും രാജ്യത്ത് നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളെയും കുറിച്ച് സമൂഹത്തോട് വ്യക്തവും സുതാര്യവുമായ ആശയവിനിമയം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് വ്യക്തമാക്കി. ഇന്നലെ അല്‍ ബറക കൊട്ടാരത്തില്‍ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിലെ മുന്‍ഗണന വിഷയങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ശക്തമായ ഏകോപനവും കാര്യക്ഷമമായ നടപ്പാക്കല്‍ സംവിധാനങ്ങളും അനിവാര്യമാണെന്ന് സുല്‍ത്താന്‍ പറഞ്ഞു. വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും, കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രായോഗിക തലത്തില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കുക, പൊതുജന വിശ്വാസം ശക്തിപ്പെടുത്തുക, സാമ്പത്തിക-സാമൂഹിക-വികസന മേഖലകളില്‍ സമഗ്ര പുരോഗതി ഉറപ്പാക്കുക എന്നിവയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം നിര്‍ണായകമാണെന്ന് സുല്‍ത്താന്‍ വിശദീകരിച്ചു. ദേശീയതല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവയുടെ ഏജന്‍സികള്‍ക്കും സംയുക്ത ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ നേരിടുന്നതിലും പൊതുനയങ്ങള്‍ രൂപപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ദിശകള്‍ക്ക് പിന്തുണ നല്‍കുന്നതിലും രാജ്യത്തിന്റെയും പൗരന്മാരുടെയും താല്‍പര്യങ്ങളാണ് മുന്‍നിര്‍ത്തേണ്ടതെന്നും സുല്‍ത്താന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കൃത്യവും ഏകോപിതവുമായ സന്ദേശങ്ങള്‍ കൈമാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കുന്നതിലൂടെ ദേശീയ തലത്തിലുള്ള ബോധവല്‍ക്കരണം വര്‍ധിക്കുമെന്നും, സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെടുമെന്നും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് വ്യക്തമാക്കി.
