വയോധികയെ കൊന്ന് സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ച പ്രതി അറസ്റ്റില്‍

Update: 2025-08-27 16:37 GMT

കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ 61കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി മന്നാംകാല പാലക്കാട്ടേല്‍ വീട്ടില്‍ രാജേഷാ(41)ണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഊന്നുകല്ലിലേക്ക് കൊണ്ടുപോകും. ഹോട്ടല്‍ തൊഴിലാളിയായ രാജേഷ് അടിമാലിയില്‍ തട്ടുകട നടത്തിയിരുന്നു.

ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യസംഭരണിയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിയായ ശാന്ത (61)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് രാജേഷ് അറസ്റ്റിലായിരിക്കുന്നത്. ഈ മാസം 18നാണ് ശാന്തയെ കാണാതായത്. ചുരിദാര്‍ ധരിച്ചിറങ്ങിയ ശാന്തയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ 12 പവന്റെ ആഭരണങ്ങള്‍ അണിഞ്ഞിരുന്നതായാണ് ബന്ധുക്കള്‍ മൊഴി നല്‍കിയത്. ഇതില്‍ 9 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി അടിമാലിയില്‍ ജുവലറി ജോലികള്‍ ചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് വില്‍ക്കുകയും പകരമായി മൂന്നു പവന്റെ മാലയും 4 ലക്ഷം രൂപയും വാങ്ങിച്ചതായും പോലിസ് കണ്ടെത്തിയിരുന്നു. ശാന്തയും രാജേഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പോലിസിനെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. ശാന്ത വീടു വിട്ടിറിങ്ങിയ അന്നു തന്നെ കൊലപാതകം നടന്നു എന്നാണ് പോലിസ് സംശയിക്കുന്നത്.