ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥി
കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ശാരുതി ഡല്‍ഹി ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയാവും. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റാങ്കിങ്ങില്‍ എ ഗ്രേഡ് നേടിയതും മികച്ച ഭരണം വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ഒന്നാമതെത്തിയതുമാണ് കാരണം. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹൗസ് കണക്ഷന്‍ നല്‍കിയ പഞ്ചായത്ത്, സ്ത്രീ സുരക്ഷയും ബാല സുരക്ഷയും ഉറപ്പാക്കിയതിന് സംസ്ഥാന ജാഗ്രത സമിതി പുരസ്‌കാരം, ലൈഫ് മിഷന്‍ പിഎംഎവൈ പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, ശുചിത്വ മിഷന്‍ അവാര്‍ഡുകള്‍, സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത് തുടങ്ങിയ നേട്ടങ്ങളും ഒളവണ്ണ പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്.