പ്രമോട്ടറുടെ ഓഹരി വില്‍പന തിരിച്ചടിയായി; ഒല ഇലക്ട്രിക് ഓഹരി വില കൂപ്പുകുത്തി

Update: 2025-12-19 08:52 GMT

മുംബൈ: ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. സ്ഥാപകനും പ്രമോട്ടറുമായ ഭവീഷ് അഗര്‍വാള്‍ തുടര്‍ച്ചയായി ഓഹരി വില്‍പന നടത്തിയതോടെയാണ് കമ്പനിക്ക് ശക്തമായ തിരിച്ചടി നേരിട്ടത്. ഓഹരി ഒന്നിന് 31.9 രൂപ എന്ന നിരക്കില്‍ 9.6 കോടി ഓഹരികളാണ് അദ്ദേഹം വിറ്റത്.

ഓഹരി വില്‍പനയിലൂടെ ബുധനാഴ്ച 142.3 കോടി രൂപയും വ്യാഴാഴ്ച 91.87 കോടി രൂപയും ഭവീഷ് അഗര്‍വാള്‍ സമാഹരിച്ചു. സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഒല ഇലക്ട്രിക്കില്‍ അദ്ദേഹത്തിന് 36.78 ശതമാനം ഓഹരിയുണ്ടായിരുന്നു. 260 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതിനായാണ് ഓഹരി വില്‍പന നടത്തിയതെന്ന് നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അദ്ദേഹം അറിയിച്ചു. ബാങ്കില്‍ പണയംവച്ചിരുന്ന ഒല ഇലക്ട്രിക്കിന്റെ ഓഹരികള്‍ പൂര്‍ണമായും തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഭവീഷ് വിശദീകരിച്ചു.

പ്രമോട്ടറുടെ വില്‍പനയെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു ദിവസമാണ് ഓഹരി വില കുത്തനെ ഇടിഞ്ഞത്. 31.26 രൂപ വരെ താഴ്ന്ന ഓഹരി വില ഇന്ന് ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം സമ്മാനിച്ച കമ്പനിയാണ് ഒല ഇലക്ട്രിക്. 76 രൂപയ്ക്കാണ് പ്രഥമ ഓഹരി വില്‍പനയില്‍ (ഐപിഒ) ഓഹരികള്‍ ലഭ്യമായത്. പിന്നീട് 157 രൂപ വരെ വില ഉയര്‍ന്നെങ്കിലും, വില്‍പനാനന്തര സേവനങ്ങളിലെ വീഴ്ചകള്‍ കമ്പനിക്ക് കനത്ത തിരിച്ചടിയായി. ഇതിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ മാസത്തോടെ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന് ഒല അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്‌കൂട്ടര്‍ വിപണിയിലെ പരമ്പരാഗത കമ്പനിയായ ഹീറോ മോട്ടോര്‍ കോര്‍പറേഷന്റെ വിഡ ഒന്നാം സ്ഥാനത്തെത്തിയതോടൊപ്പം ടിവിഎസ് മോട്ടോര്‍, ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളും മല്‍സരം ശക്തമാക്കി. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും സേവന നിലവാരവും സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചതോടെ നിക്ഷേപകരുടെ വിശ്വാസവും ഇടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 79 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഒല ഇലക്ട്രിക്കിന് 418 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് റിപോര്‍ട്ട് ചെയ്തത്. വരുമാനം 43 ശതമാനം കുറഞ്ഞ് 690 കോടി രൂപയായി. അതേസമയം, അപൂര്‍വ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതിന് പിന്നാലെ ഒല ഭാരത് സെല്‍ എന്ന പേരില്‍ സ്വന്തമായി വികസിപ്പിച്ച ബാറ്ററി സെല്ലുകളും ബാറ്ററി പാക്കും കമ്പനി അവതരിപ്പിച്ചിരുന്നു. ആഭ്യന്തരമായി വികസിപ്പിച്ച സെല്ലുകളും ബാറ്ററിയും ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കുന്ന ആദ്യ കമ്പനികളിലൊന്നായി ഒല മാറി. വീടുകള്‍ക്കായുള്ള ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Tags: