ഉദ്യോഗസ്ഥര്‍ പട്ടയം നല്‍കിയില്ല; അട്ടപ്പാടിയില്‍ ആദിവാസി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി
പാലക്കാട്: പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ 24കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അട്ടപ്പാടി ഗുളിക്കടവ് സ്വദേശിനിയായ പ്രിയ(24)യാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദിവാസിയായതിനാല്‍ അവഗണന പതിവായി നേരിടേണ്ടിവരുന്നുവെന്നും സ്വന്തമായി ഭൂമി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ രേഖകള്‍ അനുവദിച്ച് തരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
പഠനത്തിന് ശേഷം കൂലിപ്പണിയെടുത്താണ് പ്രിയ കുടുംബം പോറ്റിയിരുന്നത്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും അതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനാല്‍ ലൈഫ് മിഷന്‍ വഴി വീട് നിര്‍മ്മിക്കാനോ നിലവിലെ വീട് അറ്റകുറ്റപ്പണി നടത്താനോ പ്രിയയ്ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടേയുള്ളവര്‍ ഇടപെട്ടെങ്കിലും പിന്നീട് തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു.
താന്‍ ഒരു ആദിവാസിയായതിനാല്‍ പലയിടങ്ങളില്‍ നിന്നും കടുത്ത അവഗണന നേരിടുന്നുണ്ടെന്ന് പ്രിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ രേഖകള്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നതായി കുറിപ്പില്‍ പറയുന്നു. തന്നെ ദ്രോഹിച്ച ചില വ്യക്തികളുടെ പേരുകള്‍ പ്രിയ കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. തന്റെ പ്രശ്‌നങ്ങളില്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്നും നീതി ലഭ്യമാക്കണമെന്നും കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രിയയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എങ്കിലും, പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇതില്‍ മനംനൊന്താണ് പ്രിയ ജീവനൊടുക്കാന്‍ ശ്രമം നടത്തിയതെന്നും കുടുംബം പറഞ്ഞു.
