ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഹമാസിനെ വില കുറച്ചു കണ്ടു; പരാജയം സമ്മതിച്ച് ഇസ്രായേല്‍ സൈന്യം
ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയത് ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണെന്ന് സമ്മതിച്ച് ഇസ്രായേല്‍ സൈന്യം. ഇസ്രായേലി സൈന്യം ഹമാസിന്റെ കഴിവുകളെ വില കുറച്ചു കണ്ടെന്നും സൈന്യം പുറത്തു വിട്ട റിപോര്‍ട്ടില്‍ പറയുന്നു.
സൈന്യത്തിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലേവി പറഞ്ഞു. 'ഒക്ടോബര്‍ 7 ന് ഞാന്‍ സൈനിക കമാന്‍ഡറായിരുന്നു, എനിക്ക് എന്റെ സ്വന്തം ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളുടെയും ഭാരം ഞാന്‍ വഹിക്കുന്നു - അതും എന്റേതായി ഞാന്‍ കാണുന്നു,എന്നാണ് . 'ഒക്ടോബര്‍ 7 പൂര്‍ണ്ണ പരാജയമായിരുന്നു,' ഹാലേവി പറഞ്ഞു.
ശത്രുവിന്റെ സൈനിക ശേഷിയെക്കുറിച്ച് സൈന്യത്തിന് സമഗ്രമായ ധാരണയില്ലെന്നും അവരുടെ അറിവില്‍ അവര്‍ അമിത ആത്മവിശ്വാസത്തിലാണെന്നും ചട്ടങ്ങള്‍ക്ക് അനുസൃതമായി പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സംസാരിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ യഹ്യ സിന്‍വാര്‍ 2017 ല്‍ തന്നെ ഇത് ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കുന്നുണ്ട് എന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവിയും ഇസ്രായേലിന്റെ ഉന്നത ജനറലുമായ ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി അടുത്തയാഴ്ച സ്ഥാനമൊഴിയുന്നത് ഉള്‍പ്പെടെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനകം രാജിവച്ചിട്ടുണ്ട്.
