ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്. നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരത്തിലേക്ക് നീങ്ങുന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കുകയും ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്യും. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്.
ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും. നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം. പല മാനേജ്മെന്റും ശമ്പള പരിഷ്‌കരണത്തിന് തയാറാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്. എല്ലാ നഴ്സുമാര്‍ക്കും തുല്യവേതനം വേണമെന്നാണ് ആവശ്യമെന്ന് നഴ്സുമാര്‍ പറഞ്ഞു. അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് നഴ്സുമാര്‍ പറയുന്നു.