പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു

Update: 2026-02-12 15:47 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന നഴ്സ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 25കാരിയാണ് മരിച്ചത്. സമീപകാലത്ത് നിപ ബാധിച്ച് രാജ്യത്തുണ്ടായ ആദ്യ മരണമാണിത്. നിപ മാത്രമല്ല മരണകാരണമെന്നും, മറ്റ് പലവിധ അസുഖങ്ങള്‍ നിപ ബാധിച്ചതോടെ രൂക്ഷമായതാണ് മരണത്തിലേക്ക് നയിച്ചതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

മരിച്ച നഴ്സും മറ്റൊരു പുരുഷ നഴ്സും നിപ ബാധിച്ച് ആഴ്ചകളായി ചികില്‍സയിലുണ്ടായിരുന്നു. പുരുഷ നഴ്സ് രോഗം ഭേദമായി ജനുവരിയില്‍ ആശുപത്രി വിട്ടിരുന്നു. മരിച്ച നഴ്സിന്റെ നിപ പരിശോധന ഫലം അടുത്തിടെ നെഗറ്റീവായെങ്കിലും ഇവര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. ബംഗാളിനോട് തൊട്ടടുത്ത് കിടക്കുന്ന ബംഗ്ലാദേശില്‍ ഈയിടെ ഒരു സ്ത്രീ നിപാ ബാധിച്ച് മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു.

ബംഗാളില്‍ ഇതിനു മുന്‍പ് 2001ലും 2007ലുമാണ് നിപാ ബാധയുണ്ടായത്. കേരളത്തില്‍ 2018ലുണ്ടായ നിപാ വ്യാപനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തില്‍ നിപാ ബാധിച്ച് മരിച്ചത്.

Tags: