വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ഭൂഷണമല്ലെന്ന് ജി സുകുമാരന്‍ നായര്‍

Update: 2026-01-17 17:01 GMT

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ജി സുകുമാരന്‍ നായര്‍. ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

'എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില്‍ വില കുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ല.' ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റി എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് എത്ര വിലകുറഞ്ഞ രീതിയാണ്. ഇത് ഒരിക്കലും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും. ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്‍എസ്എസുമായി സഹകരിച്ച് പോകുമെന്നും 21ന് എസ്എന്‍ഡിപി നേതൃ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്‍എസ്എസുമായി തമ്മില്‍ തല്ലിച്ചെന്നും ചിലര്‍ പുറകില്‍ നിന്നെന്നും വെള്ളാപ്പളളി ആരോപിച്ചു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags: