പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അപേക്ഷ ജനുവരി 22 വരെ
മസ്‌കത്ത്: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ, മുന്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതും കരട് പട്ടികയില്‍ നിന്ന് ഒഴിവായതുമായ പ്രവാസികള്‍ക്ക് (ഓവര്‍സീസ് ഇലക്ടേഴ്‌സ്) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. പരാതികളും അപേക്ഷകളും ജനുവരി 22നു മുന്‍പായി സമര്‍പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകളിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചില വെബ്‌സൈറ്റുകള്‍ വിദേശ രാജ്യങ്ങളില്‍ തുറക്കാന്‍ കഴിയാത്തത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ (ബിഎല്‍ഒ) നിന്ന് ഫോം ലഭ്യമാക്കാനാകുന്നതുപോലെ, ഓണ്‍ലൈനായും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ സര്‍വീസ് പോര്‍ട്ടല്‍ വഴി 'ഓവര്‍സീസ് ഇലക്ടര്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഫോം 6എ പൂരിപ്പിച്ച് സമര്‍പ്പിക്കണം.
അപേക്ഷയില്‍ സംസ്ഥാനം, ജില്ല, നിയമസഭ മണ്ഡലം എന്നിവ തിരഞ്ഞെടുത്ത ശേഷം വോട്ടറുടെ വിവരങ്ങള്‍ നല്‍കണം. പാസ്‌പോര്‍ട്ടിലുള്ള പേര്, സര്‍നെയിം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നിര്‍ബന്ധമാണ്. വോട്ടര്‍ ഐഡി നമ്പര്‍ (പുതിയ അപേക്ഷകര്‍ക്ക് ആവശ്യമില്ല), ആധാര്‍ നമ്പര്‍ (നിര്‍ബന്ധമല്ല) എന്നിവയും നല്‍കാം. ഇന്ത്യയിലെ സ്ഥിര താമസ വിലാസം, വിദേശ താമസ രാജ്യത്തിന്റെ പേര്, പൂര്‍ണ വിലാസം, പാസ്‌പോര്‍ട്ട്-വിസ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ സ്ഥിതിവിവരം പിന്നീട് പരിശോധിക്കാം. ബന്ധപ്പെട്ട ബൂത്തിന്റെ ചുമതലയുള്ള ബിഎല്‍ഒമാര്‍ അപേക്ഷകള്‍ പരിശോധിച്ചാണ് അംഗീകാരം നല്‍കുന്നത്. പ്രവാസി വോട്ടറായി പട്ടികയില്‍ ഉള്‍പ്പെട്ടാല്‍, തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടെങ്കില്‍ അതത് ബൂത്തില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയും. കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച പകര്‍പ്പുകളിലൂടെയും പരിശോധിക്കാനാകും.
