റിയ മിസ്ത്രിയെന്ന ഒമ്പതുകാരി 'ഇപ്പോഴും ജീവിക്കുന്നു', അനംത അഹമ്മദിന്റെ 'തോളോടു ചേര്‍ന്ന്'
സൂറത്ത്: 2024 സെപ്റ്റംബറില്‍ ഒമ്പത് വയസ്സുകാരി റിയ മിസ്ത്രി എന്നന്നേക്കുമായി ഈ ലോകത്തു നിന്നു പോയി, എന്നാല്‍ അവളുടെ ഒരുഭാഗം, ഒരു ചെറിയ വലതു കൈ, മറ്റൊരിടത്ത് ജീവിച്ചു. മുംബൈയില്‍ നിന്നുള്ള പതിനാറു വയസ്സുള്ള അനംത അഹമ്മദിന്റെ തോളോടു ചേര്‍ന്ന്. ഇപ്പോള്‍ അനംത അഹമ്മദ് എന്ന ആ പെണ്‍കുട്ടി റിയയുടെ മൂത്ത സഹോദരന്‍ ശിവക്ക് രാഖി കെട്ടാന്‍ എത്തിയപ്പോള്‍ ജാതിയും മതത്തിനുമപ്പുറത്ത് ബന്ധങ്ങള്‍ മൂല്യവത്താകുന്ന നിമിഷങ്ങള്‍ക്ക് വല്‍സാദിലെ ആ കുടുംബം സാക്ഷ്യം വഹിച്ചു.
റിയയുടെ കുടുംബത്തെ കാണാന്‍ അവള്‍ മുംബൈയില്‍ നിന്ന് മാതാപിതാക്കളായ അഖീലിനും ദരാഷയ്ക്കും ഒപ്പം സൂറത്തില്‍ എത്തി. 'റിയയുടെ കുടുംബത്തെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ എന്റെ കുടുംബമാണ്. എന്റെ മാതാപിതാക്കളുടെ ഏക മകളാണ് ഞാന്‍, പക്ഷേ ഇപ്പോള്‍ എനിക്ക് ഒരു സഹോദരനുണ്ട്,' അനംത പറഞ്ഞു.'റിയയുടെ കുടുംബം അവളുടെ കൈ തിരിച്ചറിഞ്ഞു. അത് കണ്ടപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമായി, വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത ഒരു വികാരമായിരുന്നു അത്,' അഖീല്‍ കൂട്ടിച്ചേര്‍ത്തു. 'അനംത ഞങ്ങളുടെ ഏക മകളാണ്, പക്ഷേ ഇപ്പോള്‍ റിയയുടെ കുടുംബം ഞങ്ങളുടെ കൂട്ടുകുടുംബമാണ്. ,' ദരാഷ പറഞ്ഞു.
'റിയ ഒരു രാഖി കെട്ടാന്‍ ജീവനോടെ വന്നതായി ഞങ്ങള്‍ക്ക് തോന്നി. രക്ഷാബന്ധന്‍ ആഘോഷിക്കുമ്പോള്‍ ഞാന്‍ അവളുടെ പ്രിയപ്പെട്ട ഗുലാബ് ജാമുന്‍ പാചകം ചെയ്തു. അനംത എങ്ങനെ സന്തോഷവതിയും നല്ല ജീവിതം നയിക്കുന്നുവെന്നും കാണുമ്പോള്‍ സന്തോഷം തോന്നുന്നു,' റിയയുടെ അമ്മ തൃഷ്ണ പറഞ്ഞു.
2022 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് വൈദ്യുതാഘാതമേറ്റ് പത്താംക്ലാസുകാരിയായ അനംതയ്ക്ക് വലതുകൈ നഷ്ടമായത്.
സെപ്റ്റംബര്‍ 15 നാണ് നാലാംക്ലാസുകാരിയായ റിയയെ, ഛര്‍ദ്ദിയും തലവേദനയുമായി സൂറത്തിലെ കിരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തുകയും. അടുത്ത ദിവസം അവര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്നാണ് അവയവദാനമെന്ന മഹത്തായ കര്‍മ്മത്തിലൂടെ വലതുകൈ നഷ്ടപ്പെട്ട അനംതക്ക് റിയയുടെ കൈ ചേര്‍ത്തുവച്ചത്.
