ന്യൂഡല്‍ഹി: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഏറ്റവും വലിയ തട്ടിപ്പ് വിബി ജി റാം ജി പദ്ധതിയിലാണ്. 60 40 ആണ് കേന്ദ്ര സംസ്ഥാന വിഹിതം. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണിത്. കേന്ദ്രം ഒറ്റക്ക് പണം ചെലവാക്കുമ്പോള്‍ ചെറിയ തുകയാണ് പ്രഖ്യാപിച്ചിരുന്നത്, ഇപ്പൊള്‍ 94,000 കോടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അമ്പരിപ്പിക്കും എന്നാണ് കരുതിയത്. എന്നാല്‍ ബിജെപി നേതാക്കളെ കൂടി ബജറ്റ് വിഡ്ഢികളാക്കിയെന്നും ബേബി പറഞ്ഞു.
പ്രഖ്യാപിച്ച പദ്ധതികളും ചെലവാക്കിയ തുകയും തമ്മില്‍ വലിയ വിടവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതിയില്‍ 51,000 കോടിയുടേയും കുട്ടികളുമായി ബന്ധപ്പെട്ട് 8,200 കോടിയുടേയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ യഥാക്രമം 7,200 കോടിയുടേയും 17,000 കോടിയുടെ വ്യത്യാസമാണ് ഉള്ളതെന്നും ബേബി ചൂണ്ടികാണിച്ചു.
കേരളത്തിന്റെ കാര്യത്തില്‍ എയിംസിനോ, വിഴിഞ്ഞത്തിനോ പണമില്ല. ആമയുമായി ബന്ധപ്പെട്ട പദ്ധതിക്ക് മാത്രമാണ് പണം അനുവദിച്ചിരിക്കുന്നത്. കേരളത്തെ അപമാനിക്കുന്ന സമീപനമാണ് ഇതെന്നും ബേബി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ സംസ്ഥാനങ്ങളെ ആക്രമിച്ച് ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹീനമായ ആക്രമണമാണ് കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനത്തിന് മേല്‍ നടത്തിയത്. മോദിയും, അമിത് ഷായും, നിര്‍മല സീതാരാമന്‍ എന്നിവര്‍ എന്തുചെയ്തലും ന്യായീകരിക്കാനാണ് രാജീവ് ചന്ദ്രശേഖറിനെ ചുമതല കൊടുത്ത് ഇരുത്തിയിരിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് ആനുപാതികമായി വലിയ തുക കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
