ഐസിയു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം

Update: 2024-04-22 10:49 GMT

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഐസിയുവില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐജിക്ക്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഉത്തരവ്.

അതിജീവിതയുടെ സമരവും അന്വേഷണ റിപോര്‍ട്ട് കൈമാറാത്തതും അന്വേഷണത്തില്‍ ഉള്‍പ്പെടും. പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അന്വേഷണ റിപോര്‍ട്ട് അടക്കമുള്ളവ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിന് മുമ്പില്‍ അതിജീവിത നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലാണ്.

അതിജീവിത പോലിസില്‍ നിന്നും മറ്റ് അധികാര കേന്ദ്രങ്ങളില്‍ നിന്നും നിരന്തരം മനുഷ്യാവകാശലംഘനം നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മനുഷ്യവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് കേസ്. ഇക്കാര്യം ഉന്നയിച്ച് നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചതായും സമരസമിതി അറിയിച്ചു.

ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപോര്‍ട്ട് ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സിറ്റി പോലിസ് കമീഷണര്‍ ഓഫിസിന് മുന്നില്‍ സമരം നടത്തുന്ന അതിജീവിതയെ കാണാന്‍ കമ്മീഷണര്‍ രാജ്പാല്‍ മീണ തയാറാവാത്തതും തനിച്ച് വന്നാല്‍ മാത്രമേ കാണുകയുള്ളൂ എന്ന ഉപാധിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരസമിതി മനുഷ്യാവകാശ കമ്മീഷനുകളെ സമീപിച്ചത്. അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് തേടി വിവരാവകാശം നല്‍കിയിട്ടും പോലിസ് ലഭ്യമാക്കിയിരുന്നില്ല. വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പീഡനത്തിനിരയായ തന്നെ പരിശോധിച്ച് റിപോര്‍ട്ട് നല്‍കിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് നല്‍കിയ കേസിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അതിജീവിതയുടെ സമരം. ഇക്കാര്യത്തില്‍ ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പോലിസ് റിപോര്‍ട്ട്.






Tags:    

Similar News