പ്യോങ്‌യാങ്: യുഎസ് സാമ്രാജ്യത്വത്തിന്റെയും സഖ്യകക്ഷികളുടെയും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ മിസൈലുകള്‍ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ അറിയിച്ചു. ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന ദ്രുതവേഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്‍ പരീക്ഷണങ്ങള്‍ നിരീക്ഷിച്ചു. യുഎസും തെക്കന്‍ കൊറിയയും സംയുക്തമായി സൈനികപരിശീലനം നടത്താനിരിക്കെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. കഴിഞ്ഞ ദിവസം ഏതാനും ഉത്തര കൊറിയന്‍ സൈനികര്‍ തെക്കന്‍ കൊറിയയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.