സോളിഡ് ഫ്യൂവല്‍ എന്‍ജിന്‍ പരീക്ഷണം വിജയകരം; മിസൈല്‍ ശേഷി വര്‍ധിപ്പിച്ച് ഉത്തര കൊറിയ

Update: 2026-03-29 09:46 GMT

സോള്‍: രാജ്യത്തിന്റെ സൈനിക ശേഷിയില്‍ നിര്‍ണായക മുന്നേറ്റമായി ഖര ഇന്ധന (സോളിഡ് ഫ്യൂവല്‍) എന്‍ജിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഉത്തര കൊറിയ. ദീര്‍ഘദൂര മിസൈല്‍ പദ്ധതികളുടെ ഭാഗമായാണ് പുതിയ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ എന്‍ജിന് ഏകദേശം 2,500 കിലോ ടണ്‍ വരെ തള്ളല്‍ ശേഷിയുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതില്‍ ഈ നേട്ടം നിര്‍ണായകമാണെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി.

അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നിലച്ച സാഹചര്യത്തില്‍ ആയുധശേഖരം ആധുനികവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സെപ്റ്റംബറില്‍ 1,971 കിലോ ടണ്‍ ശേഷിയുള്ള എന്‍ജിന്‍ പരീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ മെച്ചപ്പെടുത്തിയ എന്‍ജിന്‍ ഒരേ മിസൈലില്‍ ഒന്നിലധികം യുദ്ധമുനകള്‍ ഘടിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിക്ഷേപണത്തിന് മുന്‍പ് ഇന്ധനം നിറയ്‌ക്കേണ്ടതില്ലെന്നാണ് ഖര ഇന്ധനത്തിന്റെ പ്രധാന പ്രത്യേകത. അതിനാല്‍ തന്നെ പെട്ടെന്നുള്ള വിക്ഷേപണം സാധ്യമാകുകയും ശത്രുരാജ്യങ്ങളുടെ റഡാര്‍ നിരീക്ഷരണം മറികടക്കാന്‍ സഹായിക്കുകയും ചെയ്യും.

2019ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ആണവായുധ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഉത്തര കൊറിയ. ചര്‍ച്ചകള്‍ക്ക് തയാറാണെങ്കിലും, ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിലാണ് രാജ്യം.

Tags: