ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

Update: 2025-12-30 10:44 GMT

സിയോള്‍: തന്ത്രപ്രധാനമായ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ വിജയകരമായ പരീക്ഷണം നടത്തി ഉത്തരകൊറിയ. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി അടുത്ത വര്‍ഷം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ഈ ശക്തിപ്രകടനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യമെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.

ഞായറാഴ്ച ഉത്തരകൊറിയയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്താണ് മിസൈല്‍ വിക്ഷേപണങ്ങള്‍ നടന്നത്. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. സമീപകാലത്ത് നടത്തിയ ഏറ്റവും പുതിയ ആയുധ പ്രദര്‍ശനങ്ങളിലൊന്നായാണ് ഈ വിക്ഷേപണം വിലയിരുത്തപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധ പരീക്ഷണങ്ങള്‍ക്ക് യുഎന്‍ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ക്രൂയിസ് മിസൈലുകള്‍ തന്ത്രപരമായി വിനിയോഗിക്കാനും താഴ്ന്ന ഉയരത്തില്‍ പറക്കാനും കഴിയുന്നവയാണെന്ന് സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎസ് യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും ലക്ഷ്യമാക്കി ഇത്തരം ക്രൂയിസ് മിസൈലുകള്‍ വിനിയോഗിക്കാനാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നുമാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

Tags: