'ഉത്തരേന്ത്യന്‍ മോഡല്‍ ദക്ഷിണേന്ത്യയിലേക്ക്'; കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോണ്‍ഗ്രസ് എന്തുപറഞ്ഞ് ഇതിനെ ന്യായീകരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു

Update: 2025-12-26 15:04 GMT

തിരുവനന്തപുരം: ബെംഗളൂരുവിലെ ഫക്കീര്‍ കോളനിയില്‍ ബുള്‍ഡോസര്‍ രാജ് നടത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും, ഉത്തരേന്ത്യന്‍ മോഡല്‍ ദക്ഷിണേന്ത്യയിലേക്ക് ചുവട് വെക്കുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രിനാണെന്നും കുറ്റപ്പെടുത്തി. ഇതിനെ കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ്;

കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ് ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോള്‍ അതിന്റെ കാര്‍മ്മികത്വം കര്‍ണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുന്‍കൈയെടുക്കേണ്ട ഭരണാധികാരികള്‍ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുക?