''വിഷം തന്നു കൊല്ലുമെന്നാ വാപ്പി പറയുന്നത്....'' പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ വിവരിച്ച് ഒമ്പതുകാരി
ആലപ്പുഴ: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെയും ചെയ്ത ക്രൂരതകളുടെയും വിവരങ്ങള്‍ പുറത്ത്. കുട്ടി എഴുതിയ കുറിപ്പിലൂടെയാണ് ഇത് പുറത്തുവന്നത്. കുറിപ്പ് ലഭിച്ച സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുള്‍പ്പെടെ മര്‍ദിച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങള്‍ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മര്‍ദനത്തെപ്പറ്റിയും എന്റെ അനുഭവം എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ബുക്കില്‍നിന്നു ലഭിച്ചത്.
തുടര്‍ന്ന്, അധ്യാപകര്‍ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്‌കൂളിലേക്കു വരുത്തുകയും പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരുടെ മൊഴിയെടുത്ത് പോലിസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
അന്‍സാര്‍
'എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. ഉമ്മിയും കൂടി...എനിക്ക് സുഖമില്ല സാറേ, വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത് '''-കുട്ടിയുടെ കുറിപ്പ് പറയുന്നു.
ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഷെഫിന തലമുടിയില്‍ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നെന്നും പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങള്‍ പറഞ്ഞെന്നും കുട്ടി അധ്യാപകരെയും പൊലീസിനെയും അറിയിച്ചു. ഇരുവരും ചേര്‍ന്ന് ഇരുകവിളിലും പലതവണ അടിച്ചു, കാല്‍മുട്ട് അടിച്ചു ചതച്ചു. പുലര്‍ച്ചെ വരെ ഉറങ്ങാതെ താന്‍ കരയുകയായിരുന്നെന്നും കൂട്ടി പറഞ്ഞു. അന്‍സാറിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ രണ്ടു മാസം മുന്‍പാണു പുതിയ വീട്ടിലേക്കു മാറിയത്. സെറ്റിയില്‍ ഇരിക്കരുത്, ശുചിമുറിയില്‍ കയറരുത്, ഫ്രിജ് തുറക്കരുത് തുടങ്ങി നിറയെ വിലക്കുകളുള്ളതായിരുന്നു പുതിയ വീടെന്നും തന്നെ പിതൃമാതാവിനൊപ്പം വിടണമെന്നും പഴയ വീട്ടില്‍ താമസിച്ചാല്‍ മതിയെന്നും കുറിപ്പിലും നേരിട്ടും അവള്‍ കേണു പറഞ്ഞു.
ഈ കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്‌നി മരിച്ചതിനെ തുടര്‍ന്ന് അന്‍സാറിന്റെ മാതാപിതാക്കളാണു വളര്‍ത്തിയത്. 5 വര്‍ഷം മുന്‍പ് അന്‍സാര്‍ മാതൃസഹോദരന്റെ മകള്‍ ഷെഫിനയെ വിവാഹം ചെയ്തു. ഇവര്‍ക്കു നാലുവയസ്സുള്ള മകനുണ്ട്. അന്‍സാര്‍ വിവിധ സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു നൂറനാട് പോലിസ് പറഞ്ഞു.

