ഗസയില്‍ നിന്നും ഫലസ്തീനികളെ ആരും പുറത്താക്കില്ലെന്ന് ട്രംപ് (video)

Update: 2025-03-13 03:24 GMT

വാഷിങ്ടണ്‍: ഗസയില്‍ നിന്നും ഫലസ്തീനികളെ ആരും പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ അയര്‍ലാന്‍ഡ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഫലസ്തീനികളെ ഗസയില്‍ നിന്നും കുടിയൊഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാടിനെ മൈക്കിള്‍ മാര്‍ട്ടിന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഈ ചോദ്യത്തിന് മൈക്കിള്‍ മാര്‍ട്ടിന്‍ മറുപടി നല്‍കുന്നതിന് മുമ്പാണ് ട്രംപ് മറുപടി പറഞ്ഞത്.

ഗസയില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ വേണമെന്നാണ് അയര്‍ലാന്‍ഡിന്റെ നിലപാടെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു. '' ആദ്യദിനം മുതലേ ഞാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തില്‍ എത്തിയ ഉടന്‍ ട്രംപ് വെടിനിര്‍ത്തല്‍ കൊണ്ടുവന്നു.''-മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഫലസ്തീനി ആക്ടിവിസ്റ്റായ മഹ്മൂദ് ഖലീലിനെ തടങ്കലില്‍ ആക്കിയതിനെ വിമര്‍ശിച്ച സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷുമറെ ട്രംപ് വിമര്‍ശിച്ചു. ഷൂമര്‍ നേരത്തെ ജൂതനായിരുന്നുവെന്നും ഇപ്പോള്‍ ഫലസ്തീനി ആയിരിക്കുകയാണെന്നുമായിരുന്നു വിമര്‍ശനം.