നൊബേല്‍ സമാധാന പുരസ്‌കാരം പിന്‍വലിക്കാനോ പങ്കിടാനോ കഴിയില്ല; നിലപാട് വ്യക്തമാക്കി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓസ്ലോ: ഒരിക്കല്‍ പ്രഖ്യാപിച്ച നൊബേല്‍ പുരസ്‌കാരം പിന്നീട് പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ മറ്റൊരാളുമായി പങ്കിടാനോ കഴിയില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ''സമാധാന പുരസ്‌കാരവുമായി ബന്ധപ്പെട്ട തീരുമാനം അന്തിമവും എക്കാലത്തേക്കും ബാധകവുമാണ്,'' എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഈ വര്‍ഷത്തെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ, പുരസ്‌കാരം ഡോണള്‍ഡ് ട്രംപിന് നല്‍കാനോ അദ്ദേഹവുമായി പങ്കിടാനോ താല്‍പര്യമുണ്ടെന്ന് പരസ്യമായി അറിയിച്ചതിന് പിന്നാലെയാണ് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ലക്ഷ്യമാക്കി യുഎസ് നടത്തിയ ഓപ്പറേഷനുകള്‍ക്ക് ട്രംപ് നേതൃത്വം നല്‍കിയെന്ന പശ്ചാത്തലത്തിലാണ് മച്ചാഡോയുടെ പ്രതികരണം.
ഒരു അഭിമുഖത്തിനിടെയാണ് പുരസ്‌കാരം പങ്കിടാനുള്ള സന്നദ്ധത മച്ചാഡോ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ, പുരസ്‌കാരം പങ്കുവച്ചാല്‍ സ്വീകരിക്കാന്‍ തയാറാണെന്ന് അറിയിച്ച് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. താന്‍ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് അര്‍ഹനാണെന്ന വാദം ട്രംപ് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. 2009ല്‍ അധികാരമേറ്റ ഉടന്‍ ബരാക് ഒബാമയ്ക്ക് സമാധാന പുരസ്‌കാരം നല്‍കിയതിനെതിരേ ട്രംപ് മുന്‍പ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിനിടെ, പുരസ്‌കാരം പങ്കുവെക്കാനുള്ള ഏതൊരു സാധ്യതയും നോര്‍വീജിയന്‍ നോബല്‍ സമിതി തള്ളിയിട്ടുണ്ട്. മച്ചാഡോയ്ക്ക് പുരസ്‌കാരം നല്‍കിയതിനെതിരേ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ നിയമനടപടികള്‍ നിലവിലുണ്ടെന്നാണ് റിപോര്‍ട്ട്.
