''സൃഷ്ടിപരമായ നാശത്തിലൂടെ സുസ്ഥിര വളര്‍ച്ച'' സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നുപേര്‍ക്ക്
സ്റ്റോക്ക്‌ഹോം: നവീകരണങ്ങളെയും സാങ്കേതിക പുരോഗതികളെയും ആധാരമാക്കി സാമ്പത്തിക വളര്‍ച്ചയെ പുതുവ്യാഖ്യാനമൊരുക്കിയ മൂന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌ക്കാരം. ജോയല്‍ മോക്കിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹൗവിറ്റ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം പങ്കിടുന്നത്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്നതെന്ന് അവര്‍ ഗവേഷണങ്ങളില്‍ തെളിയിച്ചു. സമ്പദ്വ്യവസ്ഥകള്‍ നിലനില്‍പ്പുള്ള രീതിയില്‍ മുന്നേറാന്‍ ആവശ്യമായ അടിസ്ഥാന ഘടകങ്ങളെയും അവര്‍ അടയാളപ്പെടുത്തി.
യുഎസിലെ ഇല്ലിനോയിയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ജോയല്‍ മോക്കിര്‍ നവീകരണാധിഷ്ഠിത വളര്‍ച്ചയെ വിശദീകരിച്ചതിനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങളെ തിരിച്ചറിഞ്ഞതില്‍ ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹൗവിറ്റ് എന്നിവര്‍ പങ്കുവഹിച്ചു.
ഫിലിപ്പ് അഗിയോണ്‍ ഫ്രാന്‍സിലെ കോളജ് ദെ ഫ്രാന്‍സിലും, ഐഎന്‍എസ്ഇഎഡിയിലും, യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലും അധ്യാപകനാണ്. പീറ്റര്‍ ഹൗവിറ്റ് യുഎസിലെ റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ്.
