'നോബല്‍ കമ്മിറ്റിക്ക് പ്രിയം സമാധാനത്തേക്കാള്‍ രാഷ്ട്രീയം'; നൊബേല്‍ കമ്മിറ്റിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നിഷേധിച്ചതിന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വൈറ്റ് ഹൗസ്.
'നോബല്‍ കമ്മിറ്റി സമാധാനത്തേക്കാള്‍ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നതെന്ന് ഇത് തെളിയിക്കുന്നു,പ്രസിഡന്റ് ട്രംപ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതും, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും, ജീവന്‍ രക്ഷിക്കുന്നതും തുടരും. അദ്ദേഹത്തിന് മനുഷ്യത്വപരമായ ഹൃദയമുണ്ട്, അദ്ദേഹം തികഞ്ഞ ഇച്ഛാശക്തിയുള്ള ആളാണ്. അദ്ദേഹത്തെപ്പോലെ ആരും ഉണ്ടാകില്ല' വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് എക്സില്‍ പറഞ്ഞു.
നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് അവകാശപ്പെടുന്ന ട്രംപ്, സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.സമാധാനത്തിനുള്ള നോബല്‍ സമ്മാന പ്രഖ്യാപനത്തിന്റെ തലേന്നും ട്രംപ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. ഈ ആഴ്ച ഗാസയില്‍ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തിന് താന്‍ മധ്യസ്ഥത വഹിച്ചതായും, താന്‍ അവസാനിപ്പിച്ച എട്ടാമത്തെ യുദ്ധമാണിതെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, സമാധാന നൊബേലിന് ഏറ്റവും കൂടൂതല്‍ അര്‍ഹന്‍ താനാണെന്ന് തന്നോട് പുരസ്‌കാരം ലഭിച്ച മരിയ കൊരീന കൊച്ചാഡോ പറഞ്ഞെന്ന് ട്രംപ് പറഞ്ഞു. മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താന്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ തന്നെ വിളിച്ചെന്നും ട്രംപ് പറഞ്ഞു.തന്നോടുള്ള 'ബഹുമാനാര്‍ത്ഥം' നൊബേല്‍ സമ്മാനം സ്വീകരിക്കുകയാണെന്ന് അവര്‍ പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്ക് നൊബേല്‍ തരൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, എന്നാല്‍ അവള്‍ അത് ചെയ്തിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാന്‍ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോള്‍ അവര്‍ക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാന്‍ അതില്‍ സന്തോഷവാനാണ്. എന്തെന്നാല്‍ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ എനിക്കായി' ട്രംപ് പറഞ്ഞു.
