നിരോധിക്കാത്ത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തതിന് യുഎപിഎ കേസ്; ആരോപണ വിധേയന് ജാമ്യം നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: നിരോധിക്കാത്ത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തതിന് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണവിധേയന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കര്‍ണാടക സ്വദേശിയായ സലീം ഖാന്‍ എന്ന യുവാവിനാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. അല്‍ ഹിന്ദ് എന്ന സംഘടനയുടെ യോഗത്തില്‍ സലീം ഖാന്‍ പങ്കെടുത്തെന്നും അതിനാലാണ് കേസെടുത്തതെന്നുമായിരുന്നു പോലിസ് വാദിച്ചിരുന്നത്. എന്നാല്‍, അല്‍ ഹിന്ദ് നിരോധിത സംഘടനയല്ലെന്നും അതിനാല്‍ തന്നെ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 2020 ജനുവരിയിലാണ് സലീം ഖാന്‍ അടക്കം 17 പേര്‍ക്കെതിരേ കര്‍ണാടകയിലെ സുദ്ദഗുണ്ടെപാളയ പോലിസ് കേസെടുത്തത്. ഐഎസ് സംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് കേസിലെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി.