പാലിയേക്കരയില്‍ നാലാഴ്ച്ച ടോള്‍ പിരിക്കരുത്: ഹൈക്കോടതി

Update: 2025-08-06 05:31 GMT

കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ഈ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കിന് ദേശീയപാത അതോറിറ്റി പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട ഹരജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

പ്രദേശത്ത് ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും സര്‍വീസ് റോഡ് ഉപയോഗിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി സംസ്ഥാനസര്‍ക്കാരും അറിയിച്ചു. ഇതെല്ലാം പറയുമ്പോഴും ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കരാര്‍പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതിനെയും ഹരജിക്കാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.