'ചോദ്യങ്ങള്‍ വേണ്ട'; ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: പി എം കെയേഴ്‌സ് ഫണ്ട്,പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധിഎന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിഷയങ്ങളും സഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചെന്ന് റിപോര്ട്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഈ മൂന്ന് ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും ബിസിനസ് പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 41(2)(viii), ചട്ടം 41(2)(xvii) എന്നിവ പ്രകാരം അനുവദനീയമല്ലെന്ന് ജനുവരി 30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് വിവരം.
ഈ ഫണ്ടുകളിലെ തുക പൂര്‍ണ്ണമായും പൊതുജനങ്ങളുടെ സന്നദ്ധ സംഭാവനകളിലൂടെ സമാഹരിച്ചതാണെന്നും, ഇന്ത്യയുടെ ഏകീകൃത നിധിയില്‍ നിന്നുള്ള വിഹിതമല്ലെന്നുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കോ ശൂന്യവേളയിലെ പരാമര്‍ശങ്ങള്‍ക്കോ അനുമതി നല്‍കരുതെന്നാണ് നിര്‍ദേശം.
കോവിഡ് കാലത്ത് രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. പിഎം കെയേഴ്‌സ് ഒരു 'പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്' ആണെന്നും അത് ഭരണഘടനയുടെയോ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപീകരിച്ചതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഈ ഫണ്ട് വരില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്.
സായുധ സേനയിലെയും പാരാമിലിട്ടറി സേനയിലെയും അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായാണ് ദേശീയ പ്രതിരോധ നിധി ഉപയോഗിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം, പ്രധാനമന്ത്രി അധ്യക്ഷനായ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ നിധി നിയന്ത്രിക്കുന്നത്. പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
